Type Here to Get Search Results !

ശവര്‍മ കഴിച്ചതിനെ തുടര്‍ന്ന യുവാവ് മരിച്ചെന്ന പരാതി ഉയര്‍ന്ന സംഭവം: രാഹുല്‍ ഭക്ഷണം കഴിച്ച അതേ ഹോട്ടലില്‍ നിന്ന് ഷവര്‍മയും അല്‍ഫാമും കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങള്‍; അമ്ബൂരിയില്‍ 11 പേര്‍ക്കും ഭക്ഷ്യവിഷബാധ


ഷവര്‍മ കഴിച്ചതിനെ തുടര്‍ന്ന് യുവാവ് മരിച്ചെന്ന പരാതിയ്ക്ക് പിന്നാലെ, അതേ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച ആറ് പേര്‍ക്ക് കൂടി ആരോഗ്യപ്രശ്നങ്ങളുണ്ടായെന്ന് വിവരം പുറത്തുവന്നു.
ലെ ഹയാത്ത് ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്കാണ് ആരോഗ്യപ്രശ്നങ്ങളുണ്ടായതായി പരാതി. ബുധൻ, വ്യാഴം ദിവസങ്ങളില്‍ ഹോട്ടലില്‍ നിന്ന് ഷവര്‍മ, അല്‍ഫാം കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങള്‍ ഉള്ളത്. ആരോഗ്യവകുപ്പ് ഇവരില്‍ നിന്ന് പ്രാഥമിക വിവരശേഖരണം നടത്തി. കാക്കനാട് പ്രദേശത്തുള്ള ഈ ആറ് പേരുടെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണ്. 

ഇന്നലെയാണ് കൊച്ചി കാക്കനാട്ടെ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു കോട്ടയം കിടങ്ങൂര്‍ ചെമ്ബിളാവ് സ്വദേശിയായ രാഹുല്‍ ഡി നായര്‍ മരിച്ചത്. കാക്കനാട് മാവേലിപുരം ലേ ഹയാത്ത് ഹോട്ടലില്‍ നിന്ന് ഇക്കഴിഞ്ഞ 18നാണ് രാഹുല്‍ ഷവര്‍മ കഴിച്ചത്. ബന്ധുക്കളുടെ പരാതിയില്‍ തൃക്കാക്കര പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെ ഹോട്ടല്‍ അടപ്പിച്ചിരുന്നു.

അണുബാധയെ തുടര്‍ന്ന് രാഹുലിന്റെ അവയവങ്ങള്‍ തകരാറിലായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണമെന്നും മെഡിക്കല്‍ സൂപ്രണ്ട്പറഞ്ഞു. ഷവര്‍മ കഴിച്ച ഭക്ഷ്യവിഷബാധ മൂലമാണോ യുവാവായ രാഹുല്‍ മരിച്ചത് എന്ന് വിദഗ്ധ പരിശോധനാഫലം വന്നാല്‍ മാത്രമേ സ്ഥിരീകരിക്കാനാകൂ എന്ന് മെഡിക്കല്‍ സൂപ്രണ്ട് പറഞ്ഞു.