സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ കുതിപ്പ്. എക്കാലത്തേയും ഉയര്‍ന്ന വിലയില്‍ നിന്നും കടന്ന് സ്വര്‍ണം മുന്നോട്ട് കുതിക്കുകയാണ്. ആഗോള വിപണിയിലെ വില വര്‍ധനവ് തന്നെയാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്.
ആഗസ്റ്റിലെ ആദ്യ ആഴ്ച കഴിയുമ്പോള്‍ ഇതുവരെ സ്വര്‍ണ വില കുറഞ്ഞിട്ടില്ല. ഒന്നാം തിയതി 73200 രൂപയായിരുന്ന സ്വര്‍ണ വില പിന്നീട് ഓരോ ദിവസം കൂടി. ജൂലൈയിലെ അസ്ഥിരമായ അന്തരീക്ഷത്തില്‍ നിന്ന് സ്വര്‍ണം തിരികെ കയറുകയാണ് എന്ന വ്യക്തമായ സൂചനയാണിത് എന്ന് വിപണി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ഇന്ന് സംസ്ഥാനത്ത് ഒരു ഗ്രാം സ്വര്‍ണത്തിന് 70 രൂപയാണ് കൂടിയിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 9470 രൂപയായി വര്‍ധിച്ചു. ഒരു പവന്‍ സ്വര്‍ണത്തിന് 560 രൂപയാണ് കൂടിയിരിക്കുന്നത്. ഇതോടെ ഇന്നലെ 75200 രൂപയില്‍ വ്യാപാരം നടത്തിയിരുന്ന സ്വര്‍ണം ഇന്ന് 75760 ലേക്ക് കുതിച്ചു. ഗ്രാമിലും പവനിലും സംസ്ഥാനത്ത് സ്വര്‍ണത്തിന് രേഖപ്പെടുത്തിയ എക്കാലത്തേയും ഉയര്‍ന്ന നിരക്കാണിത്.
ആഭരണമായി സ്വര്‍ണം വാങ്ങുന്നവരെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണ് ഈ വില വര്‍ധനവ്. ഒരു പവന്‍ സ്വര്‍ണാഭരണത്തിന് ഇന്നത്തെ വില അനുസരിച്ച് ചുരുങ്ങിയത് 80000 രൂപ ചെലവാകും. ജിഎസ്ടി, ഹാള്‍മാര്‍ക്കിംഗ് ചാര്‍ജ് എന്നിവയ്ക്ക് പുറമെ പണിക്കൂലി കൂടി ആഭരണത്തിന് കൊടുക്കേണ്ടി വരും. ആഭരണത്തിന്റെ ഡിസൈന്‍ ആണ് പണിക്കൂലി ശതമാനം നിശ്ചയിക്കുന്നത്.
ഡോളറിന്റെ ബലഹീനതയും സ്വര്‍ണ വിലയെ പിന്തുണച്ചു. എംസിഎക്‌സ് ഒക്ടോബര്‍ 3 ലെ കരാറുകള്‍ 0.68 ശതമാനം ഉയര്‍ന്ന് 10 ഗ്രാമിന് 1,02,159 രൂപ എന്ന നിലയിലും, എംസിഎക്‌സ് സില്‍വര്‍ സെപ്റ്റംബര്‍ 5 ലെ കരാറുകള്‍ 0.54 ശതമാനം ഉയര്‍ന്ന് കിലോയ്ക്ക് 1,14,904 രൂപ എന്ന നിലയിലും വ്യാപാരം നടത്തി.
