◼️കര്‍ണാടകയിലടക്കം വോട്ടര്‍പട്ടികയില്‍ വന്‍തോതില്‍ ക്രമക്കേട് നടന്നെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ ഖണ്ഡിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ആരോപണത്തിന് പിന്നാലെ രാഹുല്‍ഗാന്ധിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കത്തയച്ചു. ഇന്നലെ നടത്തിയ പത്രസമ്മേളനത്തില്‍ ഉന്നയിച്ച ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ കര്‍ണാടകയിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറാണ് രാഹുല്‍ഗാന്ധിക്ക് കത്തയച്ചത്. വോട്ടര്‍പട്ടികയില്‍നിന്ന് ഒഴിവാക്കപ്പെട്ടവരുടെ പേരുവിവരങ്ങള്‍, വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെട്ട അനര്‍ഹരായവരുടെ വിവരങ്ങള്‍ തുടങ്ങിയവയെല്ലാം ഒപ്പിട്ട സത്യവാങ്മൂലത്തിനൊപ്പം സമര്‍പ്പിക്കാനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം. ഇതിനായുള്ള സത്യവാങ്മൂലത്തിന്റെ മാതൃകയും തിരഞ്ഞെടുപ്പ് കമ്മീഷന്‍ രാഹുലിന് അയച്ചുനല്‍കി. വിഷയത്തില്‍ ആവശ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കാനാണ് ഈ നടപടിയെന്നും കത്തില്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ പ്രതിജ്ഞാപത്രം നല്‍കില്ലെന്നും പൊതുപ്രവര്‍ത്തകനായ താന്‍ പരസ്യമായി പറയുന്നത് കളവാണെങ്കില്‍ കമ്മീഷന്‍ നടപടി എടുക്കട്ടെ എന്നും രാഹുല്‍ ഗാന്ധി തിരിച്ചടിച്ചു.
◾കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെല്ലുവിളി ഏറ്റെടുക്കാന്‍ തയാറെന്ന് കെസി വേണുഗോപാല്‍ എംപി. എല്ലാ തെളിവുകളും കാണിക്കാമെന്നും ജനാധിപത്യം സംരക്ഷിക്കാന്‍ വേണ്ടിയുള്ള പോരാട്ടമാണിതെന്നും അദ്ദേഹം വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. കര്‍ണാടകത്തില്‍ ഇന്ന് മാര്‍ച്ച് സംഘടിപ്പിക്കുമെന്നും ജനാധിപത്യം സംരക്ഷിക്കാന്‍ വേണ്ടിയുള്ള പോരാട്ടമാണിതെന്നും അദ്ദേഹം പറഞ്ഞു.
◾രാഹുല്‍ ഗാന്ധി സ്വന്തം തലച്ചോറ് പരിശോധിപ്പിക്കണമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. 2024-ലെ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയും തിരഞ്ഞെടുപ്പു കമ്മിഷനും ചേര്‍ന്ന് 'വോട്ടുമോഷണം' നടത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് ഫഡ്നാവിന്റെ പരിഹാസം. ഒന്നുകില്‍ അദ്ദേഹത്തിന്റെ തലച്ചോറ് കളവുപോയിയെന്നും അല്ലെങ്കില്‍ തലച്ചോറില്‍ നിന്ന് ചിപ്പ് കാണാതായിട്ടുണ്ടെന്നും അതുകൊണ്ടാണ് അദ്ദേഹം ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നതെന്നും ഫഡ്‌നാവിസ് പ്രതികരിച്ചു.
◾തൃശൂരിലും വോട്ടര്‍ പട്ടികയില്‍ അട്ടിമറി നടന്നതായി സംശയമെന്ന് സിപിഐ നേതാവ് വിഎസ് സുനില്‍കുമാര്‍. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരിലെ വോട്ടര്‍പട്ടികയില്‍ അട്ടിമറി നടന്നിട്ടുണ്ടോ എന്ന സംശയം ബലപ്പെടുന്നതായി സുനില്‍കുമാര്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ വെളിപ്പെടുത്തല്‍ ഞെട്ടിപ്പിക്കുന്നതാണെന്നും ഇലക്ഷന്‍ കമ്മീഷന്‍ രാഷ്ട്രീയ വല്‍ക്കരിക്കപ്പെട്ടുവെന്നും വിഎസ് സുനില്‍കുമാര്‍ പറഞ്ഞു.
