Type Here to Get Search Results !

ഡോക്ടറുടെ കൈയ്യടക്കവും അറവുകാരിയുടെ മെയ് വഴക്കവുമുള്ള കൊലപാതകം: കാമുകനെ ലൈംഗികബന്ധത്തിനിടെ വിഷം കുത്തിവെച്ച്‌ കൊന്നു; കീറിമുറിച്ച്‌ ആന്തരികാവയവങ്ങള്‍ ഫ്‌ളഷ് ചെയ്തു; ഡോക്ടര്‍ ഓമന എവിടെ ?


എന്നെ സഹായിക്കണം, ഇതിനുള്ളില്‍ എന്റെ കാമുകന്റെ ശരീരം കീറിമുറിച്ച മാംസാവശിഷ്ടങ്ങളാണ്. ഞാന്‍ അവനെ കൊന്നു !. ഇത് എവിടെയെങ്കിലും ഉപേക്ഷിക്കാന്‍ എന്നെ സഹായിച്ചാല്‍, ചോദിക്കുന്ന പണം തരാം.

ഒരു കൂസലുമില്ലാതെ അപരിചിതയായ സ്ത്രീ പറയുന്നതു കേട്ട് ടാക്‌സി ഡ്രൈവറുടെ അടിമുടി വിറച്ചുപോയി. പേടിയോടെ അയാള്‍ അവരെ സഹായിക്കാമെന്ന് സമ്മതിച്ചു. പക്ഷെ, ആ ടാക്‌സി കാറ് പോയി നിന്നത് പോലീസ് സ്‌റ്റേഷനിലായിരുന്നു. സ്ത്രീയുടെ കൈവശമുണ്ടായിരുന്ന രണ്ടു വലിയ സ്യൂട്ട്‌കെയ്‌സ് പോലീസ് തുറന്നുതോടെ ദുര്‍ഗന്ധം അവിടമാകെ പരന്നു. മനുഷ്യ മാംസം നിറച്ച പ്ലാസ്റ്റിക് കവറുകള്‍ സ്യൂട്ട്‌കെയ്‌സ് നിറഞ്ഞിരിക്കുന്നു. വെട്ടിനുറുക്കിയ മനുഷ്യശരീരത്തിന്റെ ഭാഗങ്ങള്‍ ചുമന്നു നടന്ന ആ സ്ത്രീ ആരായിരുന്നു. അഴര്‍ ഇപ്പോള്‍ എവിടെയാണ്. മരിച്ചോ ?, അതോ ജീവിച്ചിരിപ്പുണ്ടോ ?.

കൊടൈക്കനാലിലെ ആ ടാക്‌സി ഡ്രൈവറും പോലീസും കണ്ടെത്തിയ വലിയൊരു കൊലപാതകത്തിന്റെ സൂത്രധാരയുടെ ജീവിത കഥയാണിത്. പയ്യന്നൂര്‍ സ്വദേശിനിയായ ഡോക്ടര്‍ ഓമന ഇടന്‍ ആണ് കൊലപാതകി. മുപ്പത് വര്‍ഷത്തിനു മുമ്ബ് നടന്ന കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന കഥയിലേക്ക് പോകും മുമ്ബ് ഇതു കൂടി അറിഞ്ഞിരിക്കണം. ഓമന ഇടന്‍ ഇപ്പോഴും ജയിലിനു പുറത്തുണ്ട്. കൊല നടത്തി, മൃതദേഹം കഷ്ണങ്ങളാക്കിയതിലും, അത് ഉപേക്ഷിക്കാന്‍ കൊണ്ടുനടന്നതിലും പശ്ചാത്തപിക്കുന്നുണ്ടോ എന്നു പോലുമറിയില്ല. ഓമന ജീവിച്ചിരിപ്പുണ്ടെങ്കില്‍ ഇപ്പോള്‍ 63 വയസ്സുണ്ടാകും. തന്റെ 43-ാം വയസ്സിലാണ് ഈ കൊലപാതകം നടത്തുന്നത്. കണ്ണൂരിലെ ഒരു സാധാരണ ഇടത്തരം കുടുംബത്തില്‍ 1953ല്‍ ജനിച്ച ഓമന, പഠനത്തില്‍ മിടുക്കിയായിരുന്നു. എം.ബി.ബി.എസ് പാസായി ഒഫ്താല്‍മോളജിസ്റ്റായ (നേത്രരോഗ വിദഗ്ധ)അവര്‍ ഡോക്ടര്‍ രാധാകൃഷ്ണനെ വിവാഹം കഴിച്ചു.

രണ്ട് കുട്ടികളും ഭര്‍ത്താവുമൊത്ത് സുഖമായി ജീവിക്കുന്നതിനിടയിലാണ് വിധി മുരളീധരന്റെ രൂപത്തില്‍ ആ വീട്ടിലേക്ക് വരുന്നത്. ഒരു കോണ്‍ട്രാക്ടര്‍ ആയിരുന്ന മുരളീധരന്‍, ഓമനയുടെ വീട് പുതുക്കിപ്പണിയാന്‍ എത്തിയതായിരുന്നു. ഭര്‍ത്താവിന്റെ തിരക്കുകള്‍ക്കിടയില്‍, വീട് പണിയുടെ കാര്യങ്ങള്‍ക്ക് മേല്‍നോട്ടം നടത്തിയിരുന്നത് ഓമനയായിരുന്നു. അങ്ങനെയാണ് കോണ്‍ട്രാക്ടറുമായി നിരന്തരം ബന്ധപ്പെടേണ്ടി വന്നത്. ഈ ബന്ധം പതിയെ പ്രണയത്തിലേക്കു നീണ്ടു. പരസ്പരം ശാരീരിക ബന്ധത്തിലേക്കും പോയി. ഓമനയും മുരളീധരനും തമ്മിലുള്ള ബന്ധം വളര്‍ന്നതോടെ ഒരുമിച്ചുള്ള യാത്രകള്‍, താമസം എന്നിവയും ആരംഭിച്ചു.

പക്ഷേ, അതെല്ലാം മുരളീധരന്റെ കെണി ആയിരുന്നുവെന്ന് ഓമന വൈകിയാണ് തിരിച്ചറിഞ്ഞത്. മുരളീധരന്‍ ഓമനയില്‍ നിന്ന് പണം ആവശ്യപ്പെടാന്‍ തുടങ്ങി. പണം മാത്രമല്ല, വിലകൂടിയ സമ്മാനങ്ങളും വിദേശയാത്രകളും അയാള്‍ ചോദിച്ചു വാങ്ങാന്‍ തുടങ്ങി. കാര്യങ്ങള്‍ കൈവിട്ടുപോകുന്നു എന്ന് മനസ്സിലായപ്പോള്‍ ഓമനയ്ക്ക് മുരളീധരന്റെ ബന്ധം ഭയമായിത്തുടങ്ങി. മുരളീധരന്‍ വിവാഹിതനും കുട്ടികളുമുള്ള ആളായിരുന്നു. ഈ വിവരം ഓമനയില്‍ മറച്ചു വെച്ചിരുന്നു. ഇതും ഓമന അറിഞ്ഞു. ഇക്കാര്യം പറഞ്ഞ്, മുരളീധരനുമായുള്ള ബന്ധം നിര്‍ത്താന്‍ ഓമന ശ്രമിച്ചു. എന്നിട്ടും മുരളീധരന്‍ പിന്മാറാന്‍ തയ്യാറായില്ല. അയാള്‍ ഭീഷണിയുടെ സ്വരം പുറത്തെടുത്തു. ഒരിക്കല്‍ ‘ആമിന ബിന്തി അറബ് ദുല’ എന്ന പേരില്‍ വ്യാജ പാസ്പോര്‍ട്ട് ഉണ്ടാക്കി അവര്‍ മലേഷ്യയില്‍ പോയി. അവിടെവെച്ചും മുരളീധരന്‍ ഓമനയെ ശല്യം ചെയ്തു.

തന്റെ കുടുംബജീവിതം തകരുമെന്ന ഭയവും മുരളീധരന്റെ ഒരിക്കലും അവസാനിക്കാത്ത പണത്തോടുള്ള ആര്‍ത്തിയും ഓമനയെ ക്രൂരമായ ഒരു തീരുമാനത്തിലേക്ക് നയിച്ചു. മുരളീധരനെ ഇല്ലാതാക്കുകയല്ലാതെ മറ്റു മാര്‍ഗമില്ല. അങ്ങനെ 1996 ജൂലൈ 6ന് ഓമന തന്റെ പദ്ധതി നടപ്പിലാക്കാന്‍ ഉറപ്പിച്ചു. ഡല്‍ഹിയില്‍ ഒരു മീറ്റിംഗ് ഉണ്ടെന്ന് സഹോദരനോട് കള്ളംപറഞ്ഞ് അവര്‍ വീട്ടില്‍ നിന്നിറങ്ങി. നേരെ പോയത് ഊട്ടിയിലേക്കാണ്. മുരളീധരനെയും അവിടേക്ക് വിളിച്ചുവരുത്തി. ഊട്ടി റെയില്‍വേ സ്റ്റേഷന് അടുത്തുള്ള ഒരു ലോഡ്ജില്‍ ‘ഹേമ’ എന്ന പേരില്‍ അവര്‍ മുറിയെടുത്തു. ജൂലൈ 11ന് പദ്ധതി പ്രകാരം മുരളീധരനെ അവര്‍ മുറിയിലേക്ക് ക്ഷണിച്ചു. പല തവണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു. ഇതിനിടയില്‍ ഇരുവരും ഭക്ഷണം കഴിക്കാന്‍ പുറത്തു പോയി. തിരിച്ചു വന്ന് വീണ്ടും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ പോകവെ, കൂടുതല്‍ സുഖം ലഭിക്കാനാണെന്ന് പറഞ്ഞ് ഒരു മരുന്ന് (വിഷം) കുത്തിവെക്കാന്‍ ഓമന മുരളീധരനെ പ്രേരിപ്പിച്ചു.

ഓമന ഡോക്ടര്‍ ആയതുകൊണ്ട് മുരളീധരന് സംശയുണ്ടായില്ല. മാത്രമല്ല, കൂടുതല്‍ സുഖം കിട്ടുമെങ്കില്‍ മരുന്നു കുത്തിവെയ്ക്കാമെന്ന് മുരളീധരനും സമ്മതിച്ചു. അങ്ങനെ ഓമന വിഷം കുത്തിവെച്ചു. പക്ഷേ, അത് അയാളുടെ അന്ത്യമായിരുന്നു. മരുന്ന് സിരകളില്‍ പടര്‍ന്നതോടെ മുരളീധരന്‍ മയങ്ങി വീണു. പിന്നീട് അയാള്‍ ഉണര്‍ന്നില്ല. മണിക്കൂറുകള്‍ കഴിഞ്ഞതോടെ മുരളീധരന്റെ മരണം ഓമന ഉറപ്പിച്ചു. പിന്നീട് കണ്ടത് ഒരു ഡോക്ടറുടെ കൈയ്യടക്കവും എന്നാല്‍, ഒരു അറവുകാരിയുടെ മെയ് വഴക്കവുമായിരുന്നു. സര്‍ജിക്കല്‍ ബ്ലേഡുകള്‍ ഉപയോഗിച്ച്‌ ഓമന മുരളീധരന്റെ ശരീരം കഷ്ണം കഷ്ണങ്ങളായി മുറിച്ചു. അതീവ ശ്രദ്ധയോടെയായിരുന്നു ഇത് ചെയ്തത്. രക്തം കട്ടപിടിക്കാതിരിക്കാന്‍ പ്രത്യേക മരുന്നുകള്‍ കുത്തിവെച്ചായിരുന്നു കീറിമുറിക്കല്‍. ആന്തരിക അവയവങ്ങള്‍ ടോയ്ലറ്റില്‍ ഫ്‌ളഷ് ചെയ്തു കളഞ്ഞു.

ബാക്കി വന്ന മാംസഭാഗങ്ങള്‍ പ്ലാസ്റ്റിക് കവറുകളില്‍ പൊതിഞ്ഞ്, താന്‍ കൊണ്ടുവന്ന രണ്ട് വലിയ സ്യൂട്ട്‌കേസുകളിലാക്കി. പിറ്റേന്ന്, ആ സ്യൂട്ട്‌കേസുകളുമായി ഓമന ഊട്ടി വിട്ടു. ആദ്യം കോയമ്ബത്തൂരിലെത്തി. അവിടെ ഗാന്ധിനഗറില്‍ ഒരു ഹോട്ടലില്‍ മുറിയെടുത്തു. ബാത്ത്‌റൂമില്‍ വെച്ച്‌ ബാക്കി ഭാഗങ്ങള്‍ കൂടി മുറിച്ച്‌ ടോയ്‌ലറ്റില്‍ ഫ്‌ളഷ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഗതികെട്ടാണ് അവര്‍ ടാക്‌സി വിളിച്ച്‌ കൊടൈക്കനാലിലേക്ക് പോയത്. കൊക്കയിലേക്ക് സ്യൂട്ട്‌കേസ് വലിച്ചെറിയാനായിരുന്നു പദ്ധതി. പക്ഷെ, അവിടെ വെച്ചാണ് ആ ടാക്‌സി ഡ്രൈവറെ കണ്ടുമുട്ടുന്നത്. കൊലപാതക സംശം തോന്നി പോലീസ് സ്‌റ്റേഷനിലേക്ക് ടാക്‌സി കാറോടിച്ചു കയറ്റിയ ആ ഡ്രൈവറാണ് രാജ. കൊടൈക്കനാലില്‍ വെച്ച്‌ ഓമനയെ കണ്ടു മുട്ടുന്നത്, കൊല നടത്തി രണ്ടു ദിവസത്തിനു ശേഷമാണ്. 1996 ജൂലൈ 13ന്.

കൊടൈക്കനാലിലെ കോക്കേഴ്സ് വാക്കില്‍ (Coaker’s Walk). കോടമഞ്ഞ് പുതച്ചു കിടക്കുന്നുണ്ട്. അവിടുത്തെ ടാക്‌സി സ്റ്റാന്‍ഡില്‍, നാല്പതു വയസ്സ് തോന്നിക്കുന്ന സുന്ദരിയായ ഒരു സ്ത്രീ രണ്ട് വലിയ സ്യൂട്ട്‌കേസുകളുമായി നില്‍ക്കുന്നു. കാഴ്ചയില്‍ ഒരു സാധാരണ ടൂറിസ്റ്റ്. അവരുടെ അടുത്തേക്ക് എന്ന ടാക്‌സി ഡ്രൈവര്‍ രാജ എത്തി. എങ്ങോട്ടു പോകണമെന്ന ചോദ്യത്തിന്, കന്യാകുമാരിയിലേക്ക് പോകണമെന്നായിരുന്നു ആ സ്ത്രീയുടെ ആവശ്യം. ലോംഗ് ട്രിപ്പ് കിട്ടിയ സന്തോഷത്തില്‍ രാജ സമ്മതിച്ചു. പക്ഷേ, ആ യാത്ര അയാളുടെ ജീവിതത്തിലെ ഏറ്റവും ഭയാനകമായ അനുഭവമാകുമെന്ന് അയാള്‍ അറിഞ്ഞിരുന്നില്ല. കാറിന്റെ ഡിക്കി തുറന്ന് ആ വലിയ സ്യൂട്ട്‌കേസുകള്‍ എടുത്തു വെക്കാന്‍ രാജ ശ്രമിച്ചെങ്കിലും ആ സ്ത്രീ സമ്മതിച്ചില്ല. അവര്‍ തന്നെ അത് വളരെ കഷ്ടപ്പെട്ട് കാറിന്റെ പിന്‍സീറ്റില്‍ വെച്ചു.

യാത്ര തുടങ്ങി കുറച്ചുദൂരം പിന്നിട്ടപ്പോഴേക്കും കാറിനുള്ളില്‍ അസഹനീയമായ ഒരു ദുര്‍ഗന്ധം നിറയാന്‍ തുടങ്ങി. രാജ അസ്വസ്ഥനായി. എവിടെ നിന്നാണ് ഈ ദുര്‍ഗന്ധം വരുന്നതെന്ന് സംശയിച്ച രാജ പിന്‍ സീറ്റിലിരിക്കുന്ന സ്ത്രീയെ ശ്രദ്ധിച്ചു. അവര്‍ ആഖെ പരിഭ്രാന്തിയോടെയാണ് ഇരിക്കുന്നതെന്ന് മനസ്സിലായി. അയാള്‍ ഇടയ്ക്കിടെ മിററിലൂടെ ആ സ്ത്രീയെ നോക്കി. അവര്‍ വല്ലാതെ വിയര്‍ക്കുന്നുണ്ടായിരുന്നു. ഒടുവില്‍ സഹികെട്ട് രാജ വണ്ടി നിര്‍ത്തി. എന്നിട്ട്, പുറത്തേക്കിറങ്ങി. എന്താണ് ആ സ്യൂട്ട്‌കേസുകളില്‍? ‘ഇതിനുള്ളില്‍ എന്താണ്? ഇത്രയും നാറ്റം വണ്ടിയില്‍ സഹിക്കാന്‍ വയ്യ,’ അയാള്‍ തുറന്നടിച്ചു. പക്ഷേ, ആ സ്ത്രീയുടെ മറുപടി രാജയെ ഞെട്ടിച്ചു. സഹായിക്കണം. എന്നായിരുന്നു സ്ത്രീയുടെ ആവശ്യം. സഹായിക്കാമെന്നേറ്റ രാജ് പോലീസ് സ്‌റ്റേഷിലേക്കാണ് കാറ് ഓടിച്ചു കയറ്റിയത്.

പോലീസ് സ്റ്റേഷനില്‍ വെച്ച്‌ നടന്ന ചോദ്യം ചെയ്യലില്‍ ഓമന കുറ്റം സമ്മതിച്ചു. മുരളീധരന്‍ എന്ന കാമുകനെ താന്‍ കൊന്നതാണെന്നും, ശല്യം സഹിക്കാതെയാണ് അത് ചെയ്തതെന്നും അവര്‍ മൊഴി നല്‍കി. തമിഴ്‌നാട് പോലീസ് അറസ്റ്റ് ചെയ്ത ഓമന ജയിലിലായി. എന്നാല്‍, ഈ കഥ ഇവിടെ അവസാനിക്കുന്നില്ല. നാല് വര്‍ഷത്തോളം ജയിലില്‍ കിടന്ന ശേഷം, 2001 ജനുവരിയില്‍ ഓമനയ്ക്ക് ജാമ്യം ലഭിച്ചു. പുറത്തിറങ്ങിയ ഓമന പിന്നെ ആവിയായിപ്പോയതു പോലെ അപ്രത്യക്ഷയായി. ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിട്ടും, പോലീസ് പലയിടത്തും വല വിരിച്ചിട്ടും ‘ലേഡി സുകുമാരക്കുറുപ്പ്’ എന്നറിയപ്പെട്ട ഓമനയെ ആര്‍ക്കും കണ്ടെത്താനായില്ല. വര്‍ഷങ്ങള്‍ക്ക് ശേഷം, 2017ല്‍ മലേഷ്യയില്‍ ഒരു കെട്ടിടത്തില്‍ നിന്ന് വീണ് ഒരു സ്ത്രീ മരിച്ചപ്പോള്‍ അത് ഓമനയാണെന്ന് വാര്‍ത്ത പരന്നു.

എന്നാല്‍ അന്വേഷണത്തില്‍ അത് ‘മെര്‍ലിന്‍ റൂബി’ എന്ന മറ്റൊരു സ്ത്രീയാണെന്ന് തെളിഞ്ഞു. ഇന്നും, ഡോക്ടര്‍ ഓമന എവിടെയോ ജീവിച്ചിരിപ്പുണ്ട്-അല്ലെങ്കില്‍ മരിച്ചിട്ടുണ്ടാകാം. പക്ഷേ, ഒരു സ്യൂട്ട്‌കേസില്‍ കാമുകന്റെ ജഡവുമായി മലമുകളില്‍ നിന്ന ആ ഡോക്ടറുടെ ചിത്രം കേരളത്തിന്റെ ക്രൈം ചരിത്രത്തില്‍ ഒരിക്കലും മായാത്ത ഒരു ചോദ്യചിഹ്നമായി അവശേഷിക്കുന്നു.