ഷാർജ അക്കാദമി ഫോർ ആസ്ട്രോണമി നല്‍കുന്ന വിവരങ്ങള്‍ പ്രകാരം, 2026 ഫെബ്രുവരി 19 വ്യാഴാഴ്ച റമദാൻ ആരംഭിക്കാനാണ് കൂടുതല്‍ സാധ്യത. എങ്കിലും മാസപ്പിറവി ദൃശ്യമാകുന്നതിന് അനുസരിച്ച് യുഎഇ മൂണ്‍ സൈറ്റിംഗ് കമ്മിറ്റിയാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തുക. ഇത്തവണ റമദാൻ 29 ദിവസം നീണ്ടുനില്‍ക്കാനാണ് സാധ്യതയെന്ന് ജ്യോതിശാസ്ത്ര കണക്കുകള്‍ സൂചിപ്പിക്കുന്നു. റമദാൻ 29 ദിവസം പൂർത്തിയാവുകയാണെങ്കില്‍ മാർച്ച് 20 വെള്ളിയാഴ്ചയായിരിക്കും ഈദുല്‍ ഫിത്തർ.
യുഎഇയിലെ ഈ വർഷത്തെ ആദ്യത്തെ ദീർഘ അവധി പെരുന്നാളിനോടനുബന്ധിച്ച് വരാൻ സാധ്യതയുണ്ട്. റമദാൻ 29 ദിവസം പൂർത്തിയായാല്‍ മാർച്ച് 20 (വെള്ളി) മുതല്‍ മാർച്ച് 22 (ഞായർ) വരെ മൂന്ന് ദിവസം അവധി ലഭിക്കും. വ്രതകാലം 30 ദിവസം നീളുകയാണെങ്കില്‍ മാർച്ച് 19 (വ്യാഴം) മുതല്‍ നാല് ദിവസത്തെ അവധി ലഭിക്കാനാണ് സാധ്യത. ഹിജ്‌റി കലണ്ടറിലെ ഒമ്പതാം മാസമായ റമദാൻ, പ്രാർത്ഥനകള്‍ക്കും ദാനധർമ്മങ്ങള്‍ക്കും ആത്മീയ ശുദ്ധീകരണത്തിനുമുള്ള സമയമാണ്. ഔദ്യോഗിക തിയതികള്‍ മാസപ്പിറവി ദർശിക്കുന്നതിനെ ആശ്രയിച്ചിരിക്കും
