Type Here to Get Search Results !

കേരളത്തില്‍ എൻപിആര്‍ നടപ്പാക്കില്ലെന്ന നിലപാടില്‍ മുഖ്യമന്ത്രി; പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചു

ഒരു കാരണവശാലും ദേശീയ ജനസംഖ്യ രജിസ്റ്റർ (എൻപിആർ) നടപ്പിലാക്കില്ലെന്ന് പ്രഖ്യാപിച്ച സർക്കാരാണ് കേരളത്തിലേതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.2027-ല്‍ സെൻസസ് നടപടികള്‍ പുനരാരംഭിക്കുന്ന വേളയില്‍ അതിന്റെ ഭാഗമായി കേരളത്തില്‍ എൻപിആർ നടപ്പാക്കില്ല എന്നുറപ്പുവരുത്താൻ സംസ്ഥാന സർക്കാർ പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുകയാണെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.ഒരു പ്രത്യേക മതവിശ്വാസത്തെ പൗരത്വം നിർണ്ണയിക്കുന്നതിനുള്ള മാനദണ്ഡമാക്കുന്നതിലൂടെ പുറന്തള്ളലിന്റെ രാഷ്ട്രീയമാണ് പൗരത്വ ഭേദഗതി നിയമം മുന്നോട്ടുവെച്ചത്. അങ്ങേയറ്റം വിവേചനപരവും പ്രതിലോമകരവുമായ പൗരത്വ ഭേദഗതി നിയമവും പൗരത്വ രജിസ്റ്ററും (എൻആർസി) കേരളത്തില്‍ നടപ്പാക്കില്ല എന്ന ഉറച്ച നിലപാടാണ് എല്‍ഡിഎഫ് സർക്കാരിനുള്ളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എൻആർസിയുടെ മുന്നോടിയായുള്ള പ്രക്രിയയായി കണക്കാക്കപ്പെടുന്ന ദേശീയ ജനസംഖ്യാ രജിസ്റ്റർ (എൻപിആർ) ഒരു കാരണവശാലും കേരളത്തില്‍ നടക്കില്ല എന്ന് പുതിയ വിജ്ഞാപനത്തിലൂടെ വീണ്ടും ഉറപ്പിക്കുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.