Type Here to Get Search Results !

കോഴിക്കോട് പഞ്ചഗുസ്തി മത്സരത്തില്‍ 19 കാരിയുടെ കയ്യൊടിഞ്ഞ സംഭവം; 'ഗുരുതരമായി പരുക്കേറ്റിട്ടും പെണ്‍കുട്ടിയെ തിരിഞ്ഞ് നോക്കിയില്ല'; പഞ്ചായത് സെക്രടറിക്കെതിരെ കേസ്

പഞ്ചഗുസ്തി മത്സരത്തില്‍ 19 കാരിയുടെ കയ്യൊടിഞ്ഞ സംഭവത്തില്‍ കുന്ദമംഗലം ഗ്രാമ പഞ്ചായത് സെക്രടറിക്കെതിരെ മനുഷ്യാവകാശ കമീഷന്‍ കേസെടുത്തു.
കുന്ദമംഗലം ഗ്രാമ പഞ്ചായത് സംഘടിപ്പിച്ച കേരളോത്സവത്തിനിടയിലെ പഞ്ചഗുസ്തി മത്സരത്തിനിടയില്‍ കൈക്ക് ഗുരുതരമായി പരുക്കേറ്റ വിദ്യാര്‍ഥിനിയെ തിരിഞ്ഞ് നോക്കാതെ അവഗണിച്ചെന്ന പരാതിയിലാണ് നടപടി. 

ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥാണ് കേസെടുത്തത്. മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് കമീഷന്‍ കേസെടുത്തത്. 10 ദിവസത്തിനകം കുന്ദമംഗലം ഗ്രാമ പഞ്ചായത് സെക്രടറി റിപോര്‍ട് സമര്‍പിക്കണം. കേസ് ഫെബ്രുവരി 21 ന് കോഴിക്കോട് നടക്കുന്ന സിറ്റിംഗില്‍ കേസ് വീണ്ടും പരിഗണിക്കുമെന്ന് മനുഷ്യാവകാശ കമീഷന്‍ വിശദമാക്കി.

അപകടത്തിന്റെ ഉത്തരവാദിത്തം ഗ്രാമപഞ്ചായത് ഏറ്റെടുത്തില്ലെന്നും മാത്രമല്ല പരാതിയുമായെത്തിയ പെണ്‍കുട്ടിയെ തിരിഞ്ഞ് നോക്കാനും പഞ്ചായത് അധികൃതര്‍ തയ്യാറായില്ലെന്നും ചികിത്സാ സഹായം ആവശ്യപ്പെട്ടപ്പോള്‍ പഞ്ചായത് സെക്രടറി പരിഹസിച്ചെന്നുമാണ് പരാതി. 

കാരന്തൂര്‍ സ്വദേശിനിയായ ദിയ അശ്‌റഫ് എന്ന പെണ്‍കുട്ടിക്കാണ് സാരമായി പരുക്കേറ്റത്. മത്സരത്തിനിടയില്‍ കൈക്ക് മുകളിലെ എല്ല് പൊട്ടി. ദിയയ്ക്ക് ഇനിയും ആറു മാസത്തോളം ചികിത്സ തുടരേണ്ട അവസ്ഥയാണ്. വലതു കൈവിരലുകള്‍ക്ക് സംഭവിച്ചിരിക്കുന്നത് ഗുരുതര പരിക്കാണ്. വിരലുകളുടെ ചലനശേഷിയേയും പരുക്ക് സാരമായി ബാധിച്ചിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കോഴിക്കോട് പ്രൊവിഡന്‍സ് കോളജിലെ ബിരുദ വിദ്യാര്‍ഥിയായ ദിയയ്ക്ക് പരിക്ക് മൂലം ക്ലാസുകളിലും സെമസ്റ്ററിലെ ഇന്റേണല്‍ പരീക്ഷകളിലും പങ്കെടുക്കാനായില്ല. 

നവംബര്‍ 13നായിരുന്നു ഗ്രാമപഞ്ചായതിന്റെ കേരളോത്സവും പരിപാടിയുടെ ഭാഗമായി പഞ്ചഗുസ്തി മത്സരവും സംഘടിപ്പിച്ചത്. മത്സരത്തില്‍ ദിയയുടെ എതിരാളി എത്താതിരുന്നതോടെ 39കാരിയുമായി ദിയയുടെ മത്സരം പഞ്ചായത് തീരുമാനിക്കുകയായിരുന്നു. മത്സരത്തില്‍ ദിയയുടെ കൈ ഒടിഞ്ഞ് പരുക്കേല്‍ക്കുന്ന ദൃശ്യങ്ങളും പ്രചരിച്ചിരുന്നു. 

എന്നാല്‍ അപകടം സംഭവിച്ച ഉടനേ ദിയയെ ആശുപത്രിയിലെത്തിച്ചെന്നും തുടര്‍ന്നുള്ള ചെലവ് വഹിച്ചെന്നുമാണ് പഞ്ചായതിന്റെ വാദം.
Tags