ദേശീയപാതകളില്‍ ട്രാക്ക് തെറ്റിച്ച് യാത്രചെയ്യുന്നവരെ കണ്ടെത്താന്‍ മോട്ടോര്‍വാഹന വകുപ്പ് പരിശോധന ആരംഭിച്ചു.
ബോധവത്കരണവും താക്കീതും ഉള്‍പ്പടെ നല്‍കിയെങ്കിലും പ്രയോജനമുണ്ടാകാത്ത സാഹചര്യത്തിലാണ് പിഴയീടാക്കാനുള്ള നടപടികളിലേക്ക് മോട്ടോര്‍വാഹന വകുപ്പ് കടന്നത്. 'ലെയ്ന്‍ ട്രാഫിക്' നിയമം തെറ്റിക്കുന്നവരില്‍ നിന്നും 1,000 രൂപ പിഴയീടാക്കാനാണ് നിര്‍ദേശം.
ആദ്യഘട്ട പരിശോധന നടന്നത് ചൊവ്വാഴ്ചയായിരുന്നു. വാളയാര്‍മുതല്‍ ആലുവ വരെയുള്ള പാതയിലായിരുന്നു ചൊവ്വാഴ്ച പരിശോധന. വലിയവാഹനങ്ങളെ കേന്ദ്രീകരിച്ചാണ് പരിശോധന ആരംഭിച്ചത്. 'ലെയ്ന്‍ ട്രാഫിക്' നിയമമനുസരിച്ച് വാഹനങ്ങള്‍ ഇടതുവശത്തൂകൂടി മാത്രമേ യാത്ര ചെയാന്‍ പാടുളളുവെന്നും മറ്റു വാഹനങ്ങളെ മറികടക്കാന്‍ മാത്രമേ വലതുവശത്തുകൂടി സഞ്ചരിക്കാന്‍ പാടുകയുളളുവെന്നുമാണ്. ട്രാക്ക് തെറ്റിച്ച് യാത്ര ചെയ്യുന്നവരുടെ എണ്ണം വര്‍ധിച്ചതോടെ ജനുവരി ഏഴുമുതല്‍ ട്രാക്ക് തെറ്റിക്കുന്നവരെ ബോധവത്കരിക്കുകയും തുടര്‍ന്ന് താക്കീത് നല്‍കുകയും ചെയ്തിരുന്നു.
ഒന്‍പതുപേരുടെ ജീവനെടുത്ത വലിയ ബസ്സപകടം നടന്നത് 2022 ഒക്ടോബറിലായിരുന്നു. വാളയാര്‍-വടക്കഞ്ചേരി നാലുവരി ദേശീയപാതയിലെ അഞ്ചുമൂര്‍ത്തിമംഗലത്തായിരുന്നു അപകടം. അപകടകാരണം ലെയ്ന്‍ ട്രാഫിക് പാലിക്കാത്തതായിരുന്നെന്നായിരുന്നു അന്നത്തെ വിലയിരുത്തല്‍. അതേസമയം നിയമസഭാ സബ്ജക്‌ട് കമ്മിറ്റിയും ലെയ്ന്‍
ട്രാഫിക് നിയമം നടപ്പാക്കുന്നതിനായി കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. ദേശീയ, സംസ്ഥാന പാതകളിലാണ് അപകടങ്ങള്‍ കൂടുതല്‍ ഉണ്ടാവുന്നതെന്നാണ് മോട്ടോര്‍വാഹനവകുപ്പിന്റെ കണക്ക്.
