നിര്‍ത്താതെ ഹോണടിച്ചിട്ടും കുട്ടികള്‍ മാറിയില്ല, എമര്‍ജന്‍സി ബ്രേക്കില്‍ നിന്നത് രണ്ട് ബോഗിയും കഴിഞ്ഞ്
താനൂർ: സ്കൂൾ വിട്ട് റെയിൽവേ ട്രാക്കിലൂടെ നടന്ന വിദ്യാർഥിനികൾ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്. താനൂർ ദേവധാർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളാണ് വലിയൊരു ദുരന്തമുഖത്ത് നിന്ന് രക്ഷപ്പെട്ടത്.
കുട്ടികൾ ട്രാക്കിലൂടെ നടക്കുന്നത് ശ്രദ്ധയിൽപെട്ട എറണാകുളം -നിസാമുദ്ദീൻ മംഗള എക്സ്പ്രസിലെ ലോക്കോ പൈലറ്റ് പയ്യന്നൂർ സ്വദേശി വിനോദ് തുടർച്ചയായി ഹോണടിച്ചെങ്കിലും കുട്ടികൾ സംസാരത്തിനിടെ കേട്ടില്ല. അടുത്ത ട്രാക്കിലൂടെ വരുന്ന ഗുഡ്സ് ട്രെയിനിൽ ആയിരുന്നു അവരുടെ ശ്രദ്ധ. അപകടം മണത്ത വിനോദ് എമർജൻസി ബ്രേക്ക് ഉപയോഗിച്ചു. ട്രെയിൻ തൊട്ടു തൊട്ടില്ലെന്ന മട്ടിൽ എത്തിയപ്പോഴാണ് കൂട്ടത്തിലൊരു കുട്ടി തിരിഞ്ഞുനോക്കിയതും മൂന്നുപേരും കൂടി പാളത്തിന് പുറത്തേക്ക് ചാടിയതും. സംഭവത്തിനു ശേഷം ലോക്കോ പൈലറ്റ് വിനോദ് ദേവധാർ ഗവ. ഹയർസെക്കൻഡറി സ്കൂളിലെ പ്രധാനാധ്യാപിക ബിന്ദുവിന്റെ നമ്പർ തേടിപ്പിടിച്ച് അയച്ച വാട്സ്ആപ് ശബ്ദസന്ദേശം വൈറലായിരിക്കുകയാണ്.
കുട്ടികൾ നിന്ന സ്ഥലത്തുനിന്ന് രണ്ട് ബോഗി കഴിഞ്ഞാണ് ട്രെയിൻ നിന്നത്. അവർ ട്രാക്കിൽനിന്ന് മാറിയിരുന്നില്ലെങ്കിൽ അപകടം ഉറപ്പ്. കുട്ടികളോട് കാര്യത്തിന്റെ ഗൗരവം പറഞ്ഞു. രണ്ടു മിനിറ്റ് കഴിഞ്ഞ് വണ്ടിയുടെ പ്രഷർ റെഡിയാക്കിയാണ് യാത്ര പുനരാരംഭിച്ചത്.
അയ്യായിരത്തിലധികം വിദ്യാർഥികൾ പഠിക്കുന്ന സ്കൂളിലേയും തൊട്ടടുത്ത എസ്.എം.യു.പി സ്കൂളിലേയും വിദ്യാർഥികളാണ് ഇത്തരത്തിൽ റെയിൽവേ ട്രാക്കിലൂടെ അപകട സഞ്ചാരം നടത്തുന്നത്. റെയിൽവേ അണ്ടർ പാത്ത് വേയും കുട്ടികളുടെ സുരക്ഷക്കായി അധ്യാപകരുടെ മേൽനോട്ടവുമുണ്ടെങ്കിലും പല കുട്ടികളും റെയിൽവേ ട്രാക്കിലൂടെ നടക്കുന്നത് തുടരുന്നത് വലിയ ദുരന്തങ്ങൾ ക്ഷണിച്ചുവരുത്തുമെന്നാണ് അധ്യാപകരും നാട്ടുകാരും മുന്നറിയിപ്പ് നൽകുന്നത്.
പ്രധാനാധ്യാപിക ശബ്ദസ ന്ദേശം അധ്യാപകരുടെയും പിടിഎയുടെയും ഗ്രൂപ്പുകളിലേക്ക് കൈമാറി. വിവിധ വാട്സാപ് ഗ്രൂപ്പുകളിൽ ഇപ്പോഴും സന്ദേശം പ്രചരിക്കുന്നുണ്ട്.
