Type Here to Get Search Results !

നിമിഷപ്രിയയുടെ വധശിക്ഷ ഉടന്‍ നടപ്പാക്കണം; നടപടി വേഗത്തിലാക്കാന്‍ കൊല്ലപ്പെട്ട യുവാവിന്റെ ബന്ധുക്കള്‍ കോടതിയില്‍


കൊച്ചി: യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു സനയിലെ ജയിലില്‍ കഴിയുന്ന പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷപ്രിയ (33) യ്ക്ക് തിരിച്ചടിയായി നിര്‍ണായക ഇടപെടല്‍.
നടപടി വേഗത്തിലാക്കാന്‍ യെമന്‍ ക്രിമിനല്‍ പ്രോസിക്യൂഷന്‍ മേധാവി നിര്‍ദേശം നല്‍കി. കോടതിവിധി, ദയാധനം അപേക്ഷ തുടങ്ങി വിവിധ രേഖകള്‍ സുപ്രീം കോടതിയില്‍ നല്‍കണം. കൊല്ലപ്പെട്ട യെമന്‍ പൗരന്റെ കുടുംബത്തിന്റെ ഇടപെടലാണ് പ്രോസിക്യൂഷന്‍ നടപടിക്ക് കാരണമായത്.

ദയാധനം നല്‍കി നിമിഷപ്രിയയെ മോചിപ്പിക്കാനുള്ള നടപടികള്‍ എങ്ങും എത്താത്തതിനാല്‍ ഇനിയുള്ള ദിവസങ്ങള്‍ നിര്‍ണായകമാണ്. യെമനില്‍ നഴ്സായി ജോലി ചെയ്യുകയായിരുന്ന നിമിഷപ്രിയയ്ക്കു യെമന്‍ യുവാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് വധശിക്ഷ വിധിച്ചത്. യെമനിലെ നിയമപ്രകാരം കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പു നല്‍കിയാല്‍ പ്രതിക്കു ശിക്ഷായിളവ് ലഭിക്കും. കൊല്ലപ്പെട്ട തലാലിന്റെ കുടുംബം ചര്‍ച്ചയ്ക്കു തയാറാണെന്നും 50 ദശലക്ഷം യെമന്‍ റിയാല്‍ (ഏകദേശം 1.5 കോടി രൂപ) ദയാധനം (നഷ്ടപരിഹാരത്തുക) നല്‍കേണ്ടി വരുമെന്നും യെമന്‍ ജയിലധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു.

യെമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദി 2017 ജൂലൈ 25നാണ് കൊല്ലപ്പെട്ടത്. തലാലിനൊപ്പം ക്ലിനിക് നടത്തിയിരുന്ന നിമിഷപ്രിയ കേസില്‍ അറസ്റ്റിലായി. കീഴ്ക്കോടതി നിമിഷയ്ക്കു വധശിക്ഷ വിധിച്ചു. യെമന്‍കാരിയായ സഹപ്രവര്‍ത്തക ഹനാനും കേസില്‍ വിചാരണ നേരിടുന്നുണ്ട്. കൊല്ലങ്കോട് സ്വദേശി പ്രേമകുമാരിയുടെ മകളാണു നിമിഷപ്രിയ.

തലാല്‍ അബ്ദുമഹ്ദിയെ നിമിഷപ്രിയയും കൂട്ടുകാരിയും ചേര്‍ന്നു കൊലപ്പെടുത്തി മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയില്‍ ഒളിപ്പിച്ചു എന്നതാണ് കേസ്. നഴ്സായി ജോലി ചെയ്യുന്നതിനിടെ
സ്വന്തമായി ക്ലിനിക് തുടങ്ങാന്‍ സഹായവാഗ്ദാനവുമായി വന്ന തലാല്‍ പാസ്പോര്‍ട്ട് പിടിച്ചെടുത്തു ഭാര്യയാക്കി വയ്ക്കാന്‍ ശ്രമിച്ചതാണു കൊലപാതകത്തിലേക്കു നയിച്ചതെന്നായിരുന്നു നിമിഷപ്രിയയുടെ വാദം. ക്രൂരമായ പീഡനത്തിനിരയായിരുന്ന നിമിഷ ക്ലിനിക്കില്‍ ജോലി ചെയ്തിരുന്ന യുവതിയുടെയും മറ്റൊരു യുവാവിന്റെയും നിര്‍ദേശപ്രകാരം തലാലിന് അമിത ഡോസ് മരുന്നു കുത്തിവച്ചതു മരണത്തിന് ഇടയാക്കുകയായിരുന്നു.
Tags