നിലന്പൂര്‍-ഷൊര്‍ണൂര്‍ പാതയില്‍ തീവണ്ടികളുടെ എന്‍ജിന്‍ തകരാര്‍ പതിവാകുന്നു. വ്യാഴാഴ്ചയും ഈ പാതയില്‍ 25 മിനിറ്റോളം വണ്ടി വഴിയില്‍ കിടന്നു.
ഒടുവില്‍ മെക്കാനിക്കുകളുടെ നിര്‍ദ്ദേശമനുസരിച്ച് ലോക്കോ പൈലറ്റുമാര്‍ തന്നെ വാഹനം താത്കാലികമായി നന്നാക്കിയാണ് ഷൊര്‍ണൂരിലേക്ക് പോയത്. രാവിലെ ഏഴുമണിക്ക് നിലന്പൂര്‍ നിന്ന് പുറപ്പെടുന്ന നിലന്പൂര്‍-ഷൊര്‍ണൂര്‍ വണ്ടിക്കാണ് വ്യാഴാഴ്ച എന്‍ജിന്‍ തകരാര്‍ വന്നത്.
കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചക്ക് ഷൊര്‍ണൂര്‍ നിന്ന് നിലന്പൂര്‍ക്ക് വരികയായിരുന്ന വണ്ടി രണ്ടു മണിക്കൂറാണ് പട്ടിക്കാടിനടുത്ത് എന്‍ജിന്‍ തകരാറിലായതിനെ തുടര്‍ന്ന് വഴിയില്‍ കുടുങ്ങിയത്. ഒടുവില്‍ നിലന്പൂരില്‍ ഉണ്ടായിരുന്ന കോട്ടയം വണ്ടിയുടെ എന്‍ജിന്‍ ഉപയോഗിച്ചാണ് കുടുങ്ങിയ വണ്ടിയെ നിലന്പൂര്‍ക്ക് എത്തിച്ചത്.
കോട്ടയം വണ്ടി എന്‍ജിനില്ലാതെ പട്ടിക്കാട് നിര്‍ത്തിയിട്ടതിനാല്‍ ഇതിലെ യാത്രക്കാര്‍ ഏറെ നേരം വഴിയില്‍ കുടുങ്ങി കിടന്നു. മറ്റൊരു എന്‍ജിനെത്തിച്ചാണ് പിന്നീട് കോട്ടയം വണ്ടിക്ക് പോകാനായത്. ഇതിനെ തുടര്‍ന്ന് പാതയിലെ മറ്റു നാലോളം വണ്ടികള്‍ക്ക് സമയക്രമം പാലിക്കാന്‍ കഴിഞ്ഞില്ല. യാത്രക്കാര്‍ക്ക് ഷൊര്‍ണൂരില്‍ നിന്നുള്ള കണക്ഷന്‍ വണ്ടികളും കിട്ടിയില്ല.
