Type Here to Get Search Results !

റിപ്പോ റേറ്റ് ഉയര്‍ന്നതോടെ ലോണ്‍ ഇഎംഐയും കൂടും; തിരിച്ചടവ് ഈ രീതിയില്‍ പ്ലാന്‍ ചെയ്താല്‍ ലാഭം കൊയ്യാം


RBI വീണ്ടും റിപ്പോ നിരക്ക് ഉയര്‍ത്തിയിരിക്കുകയാണ്. ഇതോടെ ഭവന, വാഹന വായ്പകളുടെ പലിശ നിരക്കും ഉയരും. തത്ഫലമായി പ്രതിമാസം നാം അടയ്ക്കുന്ന ഇഎംഐയും ഉയരും.
ഈ അവസരത്തില്‍ കൂടുതല്‍ ഇഎംഐ അടച്ച്‌ ലോണ്‍ തീര്‍ക്കുന്നതാണോ നല്ലത്, അതോ ലോണ്‍ കാലാവധി നീട്ടിയെടുത്ത് ഇത്രനാള്‍ അടച്ചിരുന്ന അതേ ഇഎംഐ തന്നെ അടയ്ക്കുന്നതാണോ നല്ലതെന്ന ആശയക്കുഴപ്പം നിങ്ങളുടെ മനസില്‍ ഉദിക്കും. ഏറ്റവും ഉത്തമം കൂടിയ ഇഎംഐ അടച്ച്‌ ലോണ്‍ എത്രയും പെട്ടെന്ന് തീര്‍ക്കുന്നതാണെന്ന് സാമ്ബത്തിക വിദഗ്ധന്‍  പറഞ്ഞു.

തിരിച്ചടവ് എങ്ങനെ ?

പ്ലാന്‍ -1

വായ്പ എടുക്കുമ്ബോള്‍ തന്നെ ആളുകളുടെ മനസില്‍ തിരിച്ചടവിനെ കുറിച്ച്‌ ഒരു ധാരണയുണ്ടാകും. കൂടിയ ഇഎംഐ കുടുംബ ബജറ്റിനെ ബാധിക്കുന്നില്ലെങ്കില്‍ തീര്‍ച്ചയായും ആ തുക അടച്ച്‌ ലോണ്‍ തീര്‍ക്കുന്നതാണ് നല്ലതെന്ന് സാമ്ബത്തിക വിദഗ്ധന്‍ ആദികേശവന്‍ ട്വന്റിഫോറിനോട് പറഞ്ഞു.

പ്ലാന്‍ -2

പ്രതിമാസ അടവ് കൈയിലൊതുങ്ങുന്നതല്ല എങ്കില്‍ ലോണ്‍ കാലാവധി നീട്ടിയെടുക്കാനുള്ള സൗകര്യം ബാങ്കുകള്‍ നല്‍കാറുണ്ട്. നിലവില്‍ റിപ്പോ നിരക്ക് വര്‍ധിപ്പിച്ചത് പോലെ ഇനിയുള്ള വര്‍ഷങ്ങളില്‍ കുറയാനും സാധ്യതയുണ്ട്. റിപ്പോ നിരക്ക് കുറഞ്ഞാല്‍ ഇഎംഐ കുറയുകയും ചെയ്യും.
പ്ലാന്‍ -3

മറ്റൊരു ആശയം മ്യൂച്വല്‍ ഫണ്ട് നിക്ഷേപമാണ്. വര്‍ധിച്ച ഇഎംഐ അടയ്ക്കാതെ, ലോണ്‍ കാലാവധി നീട്ടിയെടുത്ത് കഴിഞ്ഞ മാസം വരെ അടച്ചിരുന്ന ഇഎംഐ തുക തന്നെ അടച്ച്‌ പോകുകയും, കൂടിയ ഇഎംഐ തുക മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കുകയും ചെയ്യുന്നത് ഗുണകരമാണ്. ഉദാഹരണത്തിന്, 23,000 രൂപ ഇഎംഐ അടച്ചിരുന്ന ഒരു വ്യക്തി. 26,000 ആണ് അയാളുടെ പുതുക്കിയ ഇഎംഐ തുക. ഈ തുക അടയ്ക്കാന്‍ പ്രാപ്തിയുണ്ടെങ്കിലും, ലോണ്‍ അടവിലേക്ക് ഈ തുക അടയ്ക്കാതെ 23,000 രൂപ തന്നെ അടച്ച്‌, മിച്ചം വരുന്ന 4000 രൂപ മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്നു.

കുറഞ്ഞത് 12% റിട്ടേണ്‍ നല്‍കുന്ന മ്യൂച്വല്‍ ഫണ്ട് ആണെങ്കില്‍ ലോണ്‍ കാലാവധിയായ 20 വര്‍ഷം കൊണ്ട് 4,000 രൂപ വീതം അടച്ചാല്‍ ആ വ്യക്തിക്ക് തിരികെ ലഭിക്കുക 39.97 ലക്ഷം രൂപയാണ്.

വായ്പകള്‍ ഗഡുക്കളായി അടച്ച്‌ തീര്‍ക്കുന്നത് നഷ്ടമോ ?

ഭൂമി, വീട്, എന്നീ സ്ഥാവര ജംഗമ വസ്തുക്കള്‍ വിറ്റ് ലഭിക്കുന്ന പണം ഗഡുക്കളായി അടച്ച്‌ ലോണ്‍ അടവ് തീര്‍ക്കുന്നതിനെ കുറിച്ചും ആലോചിക്കുന്നവരുണ്ട്. പക്ഷേ സ്ഥാവര ജംഗമ വസ്തുക്കള്‍ വിറ്റ് കഴിഞ്ഞാല്‍ ക്യാപിറ്റല്‍ ഗെയിന്‍സ് ടാക്സ് നമ്മള്‍ കൊടുക്കണം. 10 ലക്ഷം രൂപയ്ക്ക് വാങ്ങിയ സ്ഥലം 20 ലക്ഷം രൂപയ്ക്ക് വിറ്റുവെങ്കില്‍, 10 ലക്ഷം രൂപയാണ് അതിന്റെ ലാഭം. ഈ പണമെല്ലാം നമുക്ക് പൂര്‍ണമായും വിനിയോഗിക്കാന്‍ സാധിക്കില്ല. ഒരു ചാര്‍ട്ടേര്‍ഡ് അക്കൗണ്ടിനെ സമീപിച്ച്‌ ക്യാപിറ്റല്‍ ഗെയിന്‍സ് ടാക്സ് ഒടുക്കി ശേഷമുള്ള തുക നമുക്ക് ഇഷ്ടത്തിന് വിനിയോഗിക്കാം. ഈ തുക കണക്കിലെടുത്താണ് വായ്പകള്‍ ഗഡുക്കളായി അടച്ച്‌ തീര്‍ക്കുന്നതിനെ കുറിച്ചുള്ള തീരുമാനമെടുക്കേണ്ടതെന്ന് ആദികേശവന്‍ പറഞ്ഞു.
ഹോം ലോണ്‍ എടുക്കുമ്ബോള്‍ പ്രധാനമായും തിരിച്ചടവാണ് ശ്രദ്ധിക്കേണ്ടത്. മാസ വരുമാനത്തില്‍ ഒതുങ്ങുന്നതായിരിക്കണം തിരിച്ചടവ് തുക. പ്രതിമാസ ശമ്ബളത്തിന്റെ 40 ശതമാനം വരെ മാത്രമെ വായ്പ അടവുകള്‍ പാടുള്ളു. മിച്ചമുള്ളവ ജീവിതച്ചെലവിലേക്കും, നിക്ഷേപത്തിലേക്കും നീക്കി വയ്ക്കണം. ശമ്ബളത്തിന്റെ 10% എങ്കിലും കൈയില്‍ ലിക്വിഡ് മണിയായി ഉണ്ടായിരിക്കണമെന്നും ആദികേശവന്‍ പറഞ്ഞു.