അപകടമേഖലയായ കോട്ടക്കല്‍ പുത്തൂരിന് സമീപം അരിച്ചോളില്‍ കാര്‍ സ്കൂട്ടറില്‍ ഇടിച്ചുകയറി രണ്ടുപേര്‍ക്ക് പരിക്കേറ്റു.സ്കൂട്ടര്‍ യാത്രികരായ പെരിന്തല്‍മണ്ണ ഏലംകുളം വാഴമ്ബാട്ട് മുഹമ്മദ് ഷഹദ് (25), മണ്ണാര്‍ക്കാട് കുറുങ്ങാട്ടില്‍ നന്ദന(19) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഗുരുതര പരിക്കേറ്റ ഷഹദിനെ കോട്ടക്കലിലെ അല്‍മാസ് ആശുപത്രിയില്‍ അടിയന്തര ശുശ്രൂഷകള്‍ നല്‍കിശേഷം പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
നന്ദനയുടെ പരിക്ക് ഗുരുതരമല്ല. ഇരുവരും പെരിന്തല്‍മണ്ണ ആശുപത്രിയിലെ ജീവനക്കാരാണെന്ന് പൊലീസ് അറിയിച്ചു. വ്യാഴാഴ്ച ഉച്ചക്ക് ഒരു മണിയോടെ അരിച്ചോള്‍ ഇറക്കത്തില്‍ ഇരുവരും സഞ്ചരിച്ച സ്കൂട്ടറിലേക്ക് മറ്റൊരു വാഹനത്തെ മറികടന്നെത്തിയ കാര്‍ ഇടിച്ചുകയറുകയായിരുന്നു. തെറിച്ചുവീണ രണ്ടു പേരെയും നാട്ടുകാരാണ് ആശുപത്രിയിലേക്ക് എത്തിച്ചത്. അപകടത്തില്‍ സ്കൂട്ടര്‍ പൂര്‍ണമായും തകര്‍ന്നു. കോട്ടക്കല്‍ പൊലീസ് തുടര്‍ നടപടി സ്വീകരിച്ചു.
