Type Here to Get Search Results !

നിര്‍മാണം പൂര്‍ത്തിയായിട്ട് മാസങ്ങള്‍; കര്‍മ പാലം അടഞ്ഞുതന്നെ



നിര്‍മാണം പൂര്‍ത്തിയായിട്ട് മാസങ്ങള്‍; കര്‍മ പാലം അടഞ്ഞുതന്നെ

സംസ്ഥാനത്തെ നീളമേറിയ പുഴയോര പാതയിലൊന്നായ കര്‍മറോഡില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച കര്‍മ പാലം ഗതാഗതത്തിന് തുറന്ന് നല്‍കാനുള്ള നടപടി അനന്തമായി നീളുന്നു.
നിര്‍മാണം പൂര്‍ത്തിയായപ്പോള്‍ പാലത്തിലെ വിളക്കുകള്‍ സ്ഥാപിക്കാനുള്ള കാലതാമസമാണ് ഉദ്ഘാടനം ചെയ്യാന്‍ വൈകുന്നതിന് കാരണമായി അധികൃതര്‍ പറഞ്ഞത്. 

എന്നാല്‍, റമദാന് മുമ്ബ് തന്നെ വിളക്കുകള്‍ സ്ഥാപിച്ചിട്ടും പാലം ഉദ്ഘാടനം നീളുകയാണ്. പാലം ഗതാഗതത്തിന്നായി തുറന്ന് നല്‍കിയാല്‍ ഈശ്വരമംഗലം മുതല്‍ ഹാര്‍ബര്‍ വരെ എളുപ്പമാര്‍ഗം സഞ്ചരിക്കാനാകും. ഇത് മൂലം കിലോമീറ്ററുകള്‍ ലാഭിക്കാനുമാകുന്നതിനൊപ്പം പൊന്നാനി അങ്ങാടിപ്പാലത്തിലെ ഗതാഗതക്കുരുക്കിനും വലിയൊരളവില്‍ പരിഹാരമാകും. 

റമദാനില്‍ വൈകുന്നേരങ്ങളില്‍ വലിയ ഗതാഗതക്കുരുക്കാണ് അങ്ങാടിപ്പാലത്തിലുള്ളത്. അതേസമയം, കര്‍മ പാലം ഗതാഗതത്തിന് തുറന്ന് നല്‍കിയിട്ടില്ലെങ്കിലും രാത്രിയില്‍ നിരവധി പേരാണ് കാല്‍നടയായി പാലത്തിലെത്തുന്നത്. 

പൊന്നാനി മത്സ്യബന്ധന തുറമുഖവുമായി ബന്ധിപ്പിക്കുന്ന പാലം മാസങ്ങള്‍ക്ക് മുമ്ബ് പണി പൂര്‍ത്തീകരിച്ചിട്ടും തുറന്നുകൊടുക്കാതെ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന നടപടി ഉപേക്ഷിക്കണമെന്ന് പൊന്നാനി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. റമദാന്‍-വിഷു സമയങ്ങളില്‍ നിരവധി പേരെത്തുന്നതിനാല്‍ ഉടന്‍ പാലം തുറന്നുകൊടുക്കണമെന്ന് കോണ്‍ഗ്രസ് ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു.