Type Here to Get Search Results !

ദി കേരള സ്റ്റോറി തമിഴ്‌നാട്ടില്‍ പ്രദര്‍ശിപ്പിക്കരുത്; ഇന്റലിജന്‍സ് ഏജന്‍സികളുടെ മുന്നറിയിപ്പ്


റിലീസിന് മുന്‍പേ വിവാദമായ 'ദി കേരള സ്റ്റോറി'ക്ക് തമിഴ്നാട്ടില്‍ പ്രദര്‍ശന വിലക്ക് ഏര്‍പ്പെടുത്തണമെന്ന് ഇന്റലിജന്‍സ് ഏജന്‍സികളുടെ മുന്നറിയിപ്പ്.
രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ സംസ്ഥാനത്ത് കനത്ത ജാഗ്രതയാണുള്ളത്. ചിത്രം റിലീസ് ചെയ്യുന്നത് സംസ്ഥാനത്ത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

അതേസമയം, സിനിമയില്‍ വസ്തുതാവിരുദ്ധമായ പരാമര്‍ശങ്ങളുണ്ടെന്നും അതു നീക്കാതെ ചിത്രം പ്രദര്‍ശിപ്പിക്കരുതെന്നും ആവശ്യപ്പെട്ട് കേരള സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. സിനിമയ്ക്ക് അടിയന്തര സ്റ്റേ നല്‍കാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി ഹര്‍ജി ഹൈക്കോടതി തള്ളി. സെന്‍സര്‍ ബോര്‍ഡിന്റെ നിലപാട് തേടിയ ഹൈക്കോടതി കേസ് ഈ മാസം അഞ്ചിന് പരിഗണിക്കും. അന്ന് തന്നെയാണ് സിനിമയുടെ റിലീസും.

സിനിമയുടെ ടീസര്‍ തെറ്റായ സന്ദേശം നല്‍കുന്നുവെന്നായിരുന്നു ഹര്‍ജിയില്‍ ഉന്നയിച്ചിരുന്നത്. എന്നാല്‍, സിനിമയുടെ ടീസര്‍ മാത്രമല്ലേ കണ്ടിട്ടുള്ളൂ എന്ന് ഹര്‍ജിക്കാരനോട് ഹൈക്കോടതി ചോദിച്ചു. സാമുദായിക സ്പര്‍ധ വളര്‍ത്തുന്ന ഘടകങ്ങളാണ് ടീസറിലുള്ളതെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. കേരളത്തെ കുറിച്ച്‌ ഗുരുതര പരാമര്‍ശമുള്ള സിനിമക്കെതിരെ സംസ്ഥാനത്ത് ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ പ്രതിഷേധം കടുക്കുകയാണ്. സിനിമ നിരോധിക്കണമെന്നാണ് ആവശ്യം.