Type Here to Get Search Results !

വായ്പുണ്ണിന് ചികിത്സ തേടിയെത്തിയപ്പോള്‍ നല്‍കിയത് കാല്‍മുട്ട് വേദനക്കുള്ള മരുന്ന്; യുവാവ് ആശുപത്രിയില്‍;സംഭവം തവനൂരിൽ


വായ്പുണ്ണിന് ചികിത്സ തേടിയെത്തിയ യുവാവിന് നല്‍കിയത് കാല്‍മുട്ട് വേദനക്കുള്ള മരുന്ന്. ഡോക്ടറുടെ നിര്‍ദേശപ്രകാരം ഓയിന്‍മെന്‍റ് വായയില്‍ പുരട്ടിയ കിഴിശ്ശേരി തവനൂര്‍ ഒന്നാംമൈല്‍ സ്വദേശി നടുവത്തിച്ചാലി ജംഷീര്‍ അലിയെ ശിരീരിക അസ്വസ്ഥകളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കുഴിമണ്ണ ഗവ. കുടുംബാരോഗ്യ കേന്ദ്രത്തിലാണ് മരുന്ന് മാറി നല്‍കിയത്. ഡോക്ടര്‍ നിര്‍ദേശിക്കാത്ത മരുന്നാണ് ജീവനക്കാര്‍ നല്‍കിയത്.

ആശുപത്രി ജീവനക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ജംഷീര്‍ അലി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്, ജില്ലാ കലക്ടര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എന്നിവര്‍ക്ക് പരാതി നല്‍കി. ഈ മാസം 17നാണ് യുവാവ് കുഴിമണ്ണ കുടുംബാരോഗ്യ കേന്ദ്രത്തിലെത്തി ചികിത്സ തേടിയത്. ജനറല്‍ ഒ.പിയില്‍ നിന്ന് ഡോക്ടര്‍ രണ്ട് ഇനം ഗുളികകളും ഒരു ഓയിന്‍മെന്‍റും കുറിച്ചു നല്‍കി. ഓയിന്‍മെന്‍റ് വായില്‍ പുരട്ടാനായിരുന്നു നിര്‍ദേശിച്ചത്. ശനിയാഴ്ച വൈകീട്ട് വരെ ഗുളിക കുടിക്കുകയും ഓയിന്‍മെന്‍റ് വായില്‍ പുരട്ടുകയും ചെയ്തു.

വെള്ളിയാഴ്ച രാത്രിയോടെ വയറു വേദന അനുഭവപ്പെടുകയും വായയില്‍ മുറിവുണ്ടാകുകയും ചെയ്തു. ശനിയാഴ്ച രാവിലെ മുതല്‍ കടുത്ത ക്ഷീണം അനുഭവപ്പെട്ടു. ശക്തമായ പനിയും വിറയലും അനുഭവപ്പെട്ട് ശരീരം തളര്‍ന്നു. തുടര്‍ന്ന്, കിഴിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് വായില്‍ പുരട്ടിയത് കാല്‍മുട്ട് വേദനക്കുള്ള മരുന്നാണെന്ന് കണ്ടെത്തിയത്.

യുവാവിന്‍റെ ബന്ധുക്കള്‍ ഇന്നലെ കുഴിമണ്ണ കുടുംബാരോഗ്യ കേന്ദ്രത്തിലെത്തി ഡോക്ടറെ വിവരം ധരിപ്പിച്ചെങ്കിലും എഴുതി നല്‍കിയ മരുന്ന് ശരിയാണെന്നും ഫാര്‍മസി ജീവനക്കാര്‍ക്ക് നിന്ന് തെറ്റു സംഭവിച്ചതാകാമെന്നും ആയിരുന്നു മറുപടി. പുതിയ ജീവനക്കാരനാണ് മരുന്ന് നല്‍കിയതെന്നും അബദ്ധം സംഭവിച്ചതാകാമെന്നും കുഴിമണ്ണ കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ. സുബൈര്‍ പറഞ്ഞു.