Type Here to Get Search Results !

ചുരമിറങ്ങി തടികയറ്റിയ പിക്‌അപ്, ഇടിച്ചത് കുട്ടികളടക്കം നാലംഗ കുടുംബം സഞ്ചരിച്ച ബൈക്കില്‍, യുവതിക്ക് ദാരുണാന്ത്യം


കോഴിക്കോട്: താമരശ്ശേരി ചുരത്തിലെ ഒന്നാം വളവിന് സമീപം പിക്കപ്പും ബൈക്കും കൂട്ടിയിടിച്ച്‌ ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രക്കാരി മരണപ്പെട്ടു.
കൊടുവള്ളി പാലക്കുറ്റി സ്വദേശി ഹനീഫയുടെ ഭാര്യ സക്കീന ബാനു(25) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കിലും രക്ഷിക്കാനായില്ല. വയനാട് ഭാഗത്ത് നിന്ന് തടിയുമായി ചുരമിറങ്ങി വന്ന പിക്കപ്പും വയനാട്ടിലേക്ക് പോവുകയായിരുന്ന ബൈക്കുമാണ് നാലു മണിയോടെ അപകടത്തില്‍പ്പെട്ടത്.

ബൈക്ക് ഓടിച്ച ഭര്‍ത്താവ് ഹനീഫയ്ക്കും രണ്ടു മക്കള്‍ക്കും പരിക്കേറ്റിട്ടുണ്ട്. ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരാണ് അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയിലെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. അതേസമയം, അപ്രതീക്ഷതമായി ഇന്നലെ പെഴ്ത കനത്ത മഴ വയനാടിന് വലിയ വേദനയായി മാറുകയാണ്. കനത്ത മഴയിലും കാറ്റിലും തെങ്ങ് മറിഞ്ഞുവീണുണ്ടായ അപകടമാണ് നാട്ടുകാരെ ഏറെ വേദനപ്പിക്കുന്നത്.

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ 19 വയസുകാരന്‍ നന്ദുവെന്ന ഐ ടി ഐ വിദ്യാ‍ര്‍ഥിയുടെ ജീവന്‍ രക്ഷിക്കാനുള്ള ശ്രമങ്ങളെല്ലാം വിഫലമായി. ഇന്ന് വൈകുന്നേരത്തോടെയാണ് നന്ദു മരണത്തിന് കീഴടങ്ങിയത്. കല്‍പ്പറ്റ പുളിയാര്‍മലയിലെ ഐ ടി ഐക്ക് സമീപത്തെ ബസ് സ്റ്റോപ്പിന് മുകളിലൂടെയായിരുന്നു തെങ്ങ് മറിഞ്ഞുവീണത്. ഈ സമയത്ത് അവിടെ ബസ് കാത്തിരിക്കുകയായിരുന്നു നന്ദു. അപകടത്തില്‍ പരിക്കേറ്റ നന്ദുവിനെ ആശുപത്രിയിലേക്ക് ഉടനെ തന്നെ എത്തിച്ചിരുന്നു.

എന്നാല്‍ നന്ദുവിന്‍റെ ജീവന്‍ രക്ഷിക്കാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെടുകയായിരുന്നു. അപ്രതീക്ഷിത അപകടത്തില്‍ നന്ദുവിന്‍റെ ജീവന്‍ നഷ്ടമായതിന്‍റെ വേദനയിലാണ് നാടും നാട്ടുകാരും. ഇന്നലെ അപകടം നടന്ന ശേഷം നന്ദുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന സമയത്തുള്ള ബസ് സ്റ്റോപ്പിലെ ചിത്രങ്ങളും ഏവരെയും നൊമ്ബരപ്പെടുത്തുന്നതാണ്.