മലപ്പുറം ജില്ലയില്‍ ഈ മാസം മൂന്ന് കുട്ടികള്‍ക്കും 15 മുതിര്‍ന്ന വ്യക്തികള്‍ക്കും കുഷ്ഠരോഗം സ്ഥിരീകരിച്ചതായി ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. ഈ വര്‍ഷം ഒമ്ബത് കുട്ടികളിലും 38 മുതിര്‍ന്ന വ്യക്തികളിലുമാണ് രോഗബാധ കണ്ടെത്തിയത്. എല്ലാവരും കുഷ്ഠരോഗത്തിനെതിരെയുള്ള വിവിധൗഷധ ചികിത്‌സയിലാണ്.
2023 സെപ്റ്റംബര്‍ 20 മുതല്‍ നവംബര്‍ 30 വരെ ആണ് ജില്ലയില്‍ ബാല മിത്ര 2.0 ക്യാമ്ബയിൻ നടപ്പിലാക്കുന്നത്. കുട്ടികളില്‍ ഉണ്ടാകുന്ന കുഷ്ഠരോഗം നേരത്തെ കണ്ടെത്തുന്നതിനും ചികിത്സ നടത്തുന്നതിനും ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്. സ്കൂള്‍ അധ്യാപകര്‍, അംഗൻവാടി പ്രവര്‍ത്തകര്‍, ആശാ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് പരിശീലനം നല്‍കി ഇവര്‍ വഴി കുട്ടികളെ സ്ക്രീനിങ് പരിശോധനകള്‍ നടത്തുകയും കുഷ്ഠരോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ സൗജന്യമായി വിദഗ്ധ ചികിത്സ നല്‍കുകയും ചെയ്യും. തുടക്കത്തില്‍ കണ്ടെത്തിയാല്‍ വിവിധൗഷധ ചികിത്സ വഴി പൂര്‍ണമായും ഭേദമാക്കാവുന്ന അസുഖമാണ് കുഷ്ഠരോഗം.
സ്കൂളുകളിലും അംഗൻവാടികളിലും കൃത്യമായ ബോധവല്‍ക്കരണ ക്യാമ്ബയിൻ നടത്തിയതിന്റെ ഫലമായി വിദ്യാര്‍ത്ഥികളും അധ്യാപകരും വഴി രക്ഷിതാക്കളിലേക്ക് കൃത്യമായ സന്ദേശങ്ങള്‍ എത്തുകയും എല്ലാവരും കുഷ്ഠരോഗ പ്രതിരോധത്തെ കുറിച്ച് ബോധവാന്മാരാകുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ രക്ഷിതാക്കളിലും കുട്ടികളിലും ശാസ്ത്രീയമായി തന്നെ പരിശോധന നടത്താൻ സാധിച്ചു. ഐക്യരാഷ്ട്രസഭയുടെ നിര്‍ദ്ദേശപ്രകാരം 2030 ഓടുകൂടി ലോകത്തില്‍ നിന്നും നിര്‍മ്മാര്‍ജ്ജനം ചെയ്യേണ്ട രോഗങ്ങളില്‍ ഒന്നാണ് കുഷ്ഠരോഗം.
